റാന്നി: സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാനുള്ള സർക്കാർ പദ്ധതികളോടു ബാങ്കുകൾ സഹകരിക്കണമെന്ന് പഴകുളം മധു എംഎൽഎ. യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ "ആശ്വാസ് 2026' താലൂക്ക് അദാലത്ത് റാന്നിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘങ്ങളിലെ വിവിധ വായ്പകളിൽ കുടിശികയായ തുകകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം പരമാവധി ആളുകൾക്ക് ലഭ്യമാക്കണമെന്ന് എംഎൽഎ ബന്ധപ്പെട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും കുടിശിക തീർപ്പാക്കാൻ കഴിയാത്തവർക്കും പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താലൂക്ക് അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത കേസുകൾ ജില്ലാ, സംസ്ഥാനതല അദാലത്തുകളിൽ പരിഗണിച്ച് സാധ്യമായ രീതിയിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അദാലത്തിൽ എത്തിയ വിവിധ സഹകരണ സംഘങ്ങളിലെ കുടിശികക്കാരെ എംഎൽഎ നേരിട്ട് കാണുകയും അവരുടെ ബുദ്ധിമുട്ടുകളും പരാതികളും കേൾക്കുകയും ചെയ്തു.
സഹകരണ സംഘങ്ങളിലെ കുടിശികക്കാർക്ക് സാമ്പത്തിക ബാധ്യതയിൽ നിന്ന് ആശ്വാസം നൽകുന്നതിനും കുടിശികകൾ നിയമാനുസൃതമായി തീർപ്പാക്കുന്നതിനും അദാലത്ത് സഹായകരമാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.